കണ്ണൂർ: സ്‌കൂള്‍ കുട്ടികളില്‍ കാഴ്ചവൈകല്യം കൂടുന്നുവെന്ന് സര്‍വെ റിപ്പോർട്ട്.അലര്‍ജിക് നേത്രരോഗങ്ങള്‍, മങ്ങിയ കാഴ്ച എന്നിവയുള്‍പ്പെടെ അവഗണിക്കപ്പെടുന്ന കാഴ്ച പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥികളില്‍ വര്‍ധിക്കുന്നതായി ദേശീയ ആയുഷ് മിഷന്‍ ദൃഷ്ടി പദ്ധതി നേത്രാരോഗ്യ സര്‍വേ. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ 14 സ്‌കൂളുകളിൽ നടത്തിയ നേത്ര പരിശോധനയില്‍ പത്തിനും 12 നും ഇടയില്‍ പ്രായമുള്ള 2,491 വിദ്യാര്‍ഥികളില്‍ 351 കുട്ടികളില്‍ കണ്ണ് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞു. 309 പേരില്‍ കാഴ്ചവൈകല്യവും 39 പേരില്‍ അലര്‍ജിക് കണ്‍ജങ്റ്റിവിറ്റിസും കണ്ടെത്തി. രണ്ടു പേരില്‍ തിമിരവും ഒരാള്‍ക്കു കോങ്കണ്ണും 11 വയസുള്ള കുട്ടിക്കു ജന്മനായുള്ള തിമിരവും മറ്റൊരു കുട്ടിയില്‍ ജന്മനാ റെറ്റിനാ തകരാറും കണ്ടെത്തി. ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയവരില്‍ ദീര്‍ഘകാല സങ്കീര്‍ണതകള്‍ തടയുന്നതിന് ദൃഷ്ടി പദ്ധതി പ്രത്യേക വൈദ്യസഹായം ഉറപ്പാക്കുന്നുണ്ട്.
നേത്രാരോഗ്യത്തിനുള്ള മുന്‍കരുതലുകള്‍, നേത്ര വ്യായാമം, നല്ല കാഴ്ച നിലനിര്‍ത്തുന്നതിനുള്ള ഭക്ഷണക്രമം, നേത്രപരിചരണ രീതികള്‍എന്നിവയെക്കുറിച്ച് ദൃഷ്ടി പദ്ധതി മെഡിക്കല്‍ ഓഫീസര്‍ ഡോ. അലോക് ജി. ആനന്ദ് ക്ലാസെടുത്തു. സ്‌കൂള്‍ കുട്ടികളില്‍ വര്‍ധിച്ചുവരുന്ന കാഴ്ചവൈകല്യം ആശങ്കാജനകമാണെന്നും ശാസ്ത്രീയമായി മനസിലാക്കി കൃത്യമായ ഇടപെടലുകള്‍ക്കു ദൃഷ്ടി പദ്ധതിക്കു സാധിച്ചുവെന്നും കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. പി.വി. ശ്രീനിവാസന്‍ പറഞ്ഞു. സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാമുമായി ബന്ധപ്പെട്ടുകൊണ്ട് വരും വര്‍ഷങ്ങളില്‍ മറ്റു ബ്ലോക്ക് പഞ്ചായത്തുകളിലും ഇത്തരം സ്‌ക്രീനിംഗ് പരിപാടികള്‍
നടത്തുമെന്നും സ്‌ക്രീന്‍ ടൈം കുറയ്ക്കാനും അമിതമായ മൊബൈല്‍ ഉപയോഗം കൊണ്ടുണ്ടാകുന്ന കണ്ണിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുള്ള ക്യാമ്പയിനുകള്‍ നാഷണല്‍ ആയുഷ് മിഷന്‍ ഏറ്റെടുക്കുമെന്നും നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.സി അജിത്ത്കുമാര്‍ പറഞ്ഞു.
Report: Visual impairment is increasing among school children.